"വേദപുസ്തകത്തിലെ ഏഴ് മഹാത്ഭുതങ്ങൾ"
"വേദപുസ്തകത്തിലെ ഏഴ് മഹാത്ഭുതങ്ങൾ"
അത്ഭുതങ്ങളുടെ കലവറയായ ലോകത്തിൽ പല മഹാത്ഭുതങ്ങളും ദർശിക്കാം. പ്രപഞ്ചത്തിലെ സൃഷ്ടാവായ ദൈവം ആറ് ദിവസം കൊണ്ട് ഈ ലോകത്തെ മുഴുവൻ സൃഷ്ടിച്ചത് തന്നെ അത്ഭുതമാണ്.പ്രപഞ്ചത്തിലുള്ള സകലതും,പക്ഷികളും, മൃഗങ്ങളും സൂര്യനും ചന്ദ്രനും എല്ലാം തന്നെ ദൈവത്തിന്റെ അത്ഭുത പ്രവർത്തിയാണ്.എന്നാൽ സത്യവേദപുസ്തകത്തിൽ നാം ദർശിക്കുന്നത് മറ്റെവിടേയും കാണുവാൻ കഴിയാത്ത മഹാത്ഭുതങ്ങൾ.അവ ഏവയെന്ന് നോക്കാം.
1)സ്യഷ്ടി
ദൈവത്തിന്റെ സ്യഷ്ടി മഹാത്ഭുതമാണ്.
"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു" ഉല്പത്തി 1:1,2
ആകാശവൂം ആകാശമണ്ഡലങ്ങളും ഭൂമിയും,സമുദ്രവും, മലകളും,കുന്നുകളും സർവ്വചരാചരങ്ങളും മഹാത്ഭുതം അല്ലേ. ദൈവസ്യഷ്ടിയായ മനുഷ്യൻ അതിലും വലിയ അത്ഭുതമല്ലേ?
2) യേശുവിന്റെ ജനനം.
കന്യകയിൽ നിന്ന് പാപം ഇല്ലാതെ ജനിച്ച യേശുവിൻ്റെ ജനനം മഹാ അത്ഭുതമാണ്. മാലാഖ ജോസഫിനോട് പറഞ്ഞു.
'ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു" മത്തായി 1:20,21
3) യേശുവിന്റെ ഉയിർപ്പ്
ഈ ലോകത്തിന്റെ ആരംഭം മുതൽ ഇന്നേവരെ ജനിച്ച മരിച്ചിട്ടുള്ള സകല നേതാക്കന്മാരുടെയും കല്ലറകൾ അടഞ്ഞു തന്നെ കിടക്കുമ്പോൾ, ലോകരക്ഷിതാവായ യേശുവിന്റെ കല്ലറ മാത്രം തുറന്ന് കിടക്കുന്നു. മഹാത്ഭുതം ആണ് അത് യേശുവിന്റെ ശരീരം ക്രൂശിൽ തകർക്കപ്പെട്ടു. എന്നാൽ മരണത്തെ ഭേദിച്ച് യേശു ഉയിർത്തെഴുന്നേറ്റു. ഈ മന്ദിരത്തെ പൊളിച്ചാൽ മൂന്നാം ദിവസം അത് ഞാൻ പണിയും എന്ന് യേശു തൻ്റെ ശരീരത്തെ കുറിച്ച് പറഞ്ഞിരുന്നു. നമുക്ക് മരണാനന്തരമായ ഒരു ജീവിതമുണ്ട് എന്ന് ഈ അത്ഭുതം വഴി യേശു നമ്മെ പഠിപ്പിക്കുന്നു.
4) വിശ്വസിക്കുന്നവരെ ദൈവം സ്വർഗ്ഗത്തിലേക്ക് എടുക്കും.
തേജസുള്ള ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് ഒരു മഹാത്ഭുതം ആണ്.
"കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. 1 തെസ്സലൊ 4:16,17
5) യേശു ലോകത്തിന്റെ രാജത്വം ഏറ്റെടുക്കും.
യേശു രാജത്വം ഏറ്റെടുക്കുന്നതിന് മുൻപായി യിസ്രായേൽ തളിർക്കും എന്ന് പറഞ്ഞിരിക്കുന്നു.
" അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ"
മർക്കൊസ് 13:28,29
ലോകത്തിൽ ചിതറപ്പെട്ട യിസ്രായേൽ ഒരുമിച്ച് ച്ചേർക്കപ്പെട്ടു. അവർക്ക്
സ്വതന്ത്രമായ രാജ്യം ഉണ്ടായി. അവർക്ക് ധാരാളം യുദ്ധങ്ങൾ നേരിടേണ്ടിവരും. അവർ അവസാനം ക്രൂശിൽ തറച്ചു കൊന്ന യേശുവിലേക്ക് നോക്കും. യേശു രാജത്വം ഏറ്റെടുക്കും.
6) അന്ത്യന്യായവിധി
ഇതാ ഞാൻ വേഗം വരുന്നു. ഓരോരുത്തനുംഅവന്റെ പ്രവർത്തിക്ക് തക്ക പ്രതിഫലം കൊടുപ്പാൻ എന്റെ പക്കൽ ഉണ്ട്. വെളിപ്പാട് 22: 12.
ദൈവം എല്ലാവരേയും ന്യായം വിധിക്കും. ദുഷ്ടന്മാരെ നിത്യമായ നരകത്തിലേക്ക് തള്ളിയിടും. നീതിമാന്മാർ സ്വർഗ്ഗത്തിന് അവകാശികളായി മാറും.
അന്ത്യന്യായവിധി എത്രയോ വലിയ അത്ഭുതമാണ്. നമ്മുടെ ജീവിതത്തെ ദൈവം മുപാകെ വിശുദ്ധിയിലും നന്മയിലും ഒരുക്കാൻ നമുക്ക് കഴിയട്ടെ. നിശ്ചയമായും ഈ ലോകത്ത് നാം ചെയ്തിരിക്കുന്നത് നല്ലതായാലും തിയതായാലും അതിന് തക്ക പ്രതിഫലം കർത്താവിൽ നിന്ന് പ്രാപിക്കേണ്ടത് ഉള്ളതുകൊണ്ട് ബുദ്ധിയുള്ള കന്യകമാരെ പോലെ ഉണർന്ന് ജാഗരിക്കുവാൻ നമുക്കേവർക്കും കഴിയട്ടെ.
7) പുതിയ ആകാശവും ഭൂമിയും.
"ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.
വെളിപ്പാട് 21:1,2
മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം മഹാത്ഭുതമാണ്. ദൈവം നമ്മോടു കൂടെ വസിക്കും; നാം അവന്റെ ജനമായിരിക്കും.ഒരു വിശ്വാസിയും പ്രാപിക്കേണ്ടത് ദൈവസന്നിധിയിൽ അവന്റെ കൂടാരത്തിൽ അവനോട് ഒരുമിച്ച് കഴിയാം എന്നുള്ള ബോധ്യമാണ്.
ആ ഉറപ്പ് പ്രാപിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മശോധന നടത്താം. സത്യവേദപുസ്തകം മുഴുവനും മഹാത്ഭുതങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന പുസ്തകമാണ്.ഈ അത്ഭുതങ്ങൾക്ക് അവകാശികളാകുവാൻ വിശുദ്ധിയോടെ, എളിമയോടെ അവൻ്റെ കരങ്ങളിൽ താണിരിക്കാം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ