അടുക്കളയിൽ നിന്ന് കാൽവറിയിലേക്ക്
അടുക്കളയിൽ നിന്ന് കാൽവറിയിലേക്ക്
നമ്മുടെയൊക്കെ വീട് പലപ്പോഴും വിരുന്നു ഭവനം ആകാറുണ്ട്. അങ്ങനെ ഒരിക്കൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ അതിഥികളായി കടന്നു വന്നു. വിളമ്പുന്ന ഭക്ഷണത്തിൽ കുറവ് കണ്ടപ്പോൾ, ചൂടോടെ തരാമെന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി. ഒന്നുമില്ലായ്മയിൽ നിന്ന് ധാരാളിത്തത്തിലേക്ക് കാനാവിലെ കല്യാണ ഭവനത്തെ കൊണ്ടുവന്ന പോലൊരു ദൈവീക ശക്തി അമ്മയിലുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. രോഗികളെ സ്പർശിച്ച് സുഖപ്പെടുത്തിയ ക്രിസ്തുവിൻറെ കൈകളിലെ ചൂട് തന്നെയായിരുന്നു അമ്മയുടെ കൈകളിലും. ഓരോ സാഹചര്യങ്ങളിലും ആവശ്യമുള്ള ഭക്ഷണവും സാമീപ്യവും സാന്ത്വനവും കൊണ്ട് നമ്മുടെയൊക്കെ രോഗവുമായി ക്രിസ്തുവായി അമ്മ മാറി. ഒരുപാട് തവണ ശാസിച്ചിട്ടുണ്ടെങ്കിലും അതിലേറെ തവണ നല്ല വാക്കുകളാൽ ചുംബിച്ചിട്ടുണ്ട്. കടലിലേക്ക് പോയ ശിഷ്യന്മാരെ ചൂടുള്ള അപ്പവുമായി കരയിൽ കാത്തിരുന്ന ആ ഗുരുവാത്സല്യം എന്നും രാവിലെ ഞാൻ അമ്മയിൽ കാണാറുണ്ട്.
എന്നാലും പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് കനൽ വഴികളിലൂടെയാണ് അമ്മ നടക്കുന്നത് എന്ന്. സ്നേഹിക്കുന്നവരുടെ വലയം എപ്പോഴും കൂടെയുണ്ടെങ്കിലും തീരാത്ത അധ്വാന ഭാരം പേറി അടുക്കളയിൽ നിന്ന് തീൻ മേശയിലേക്ക് അക്ഷീണമായ ഒരു യാത്ര നടത്തിക്കൊണ്ടിരിക്കുന്നു. പരിഹാസങ്ങളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും എല്ലാം താഴ്ന്ന കഷ്ടപ്പെട്ടുണ്ടാക്കിയ ഭക്ഷണം നന്നായില്ല എന്ന ഒറ്റവാക്കിൽ ചാലിച്ച് നാം നൽകുന്നു. കൂടാതെ 'ഇവിടെ എന്താ ഇതിനുമാത്രം പണിയെന്ന' പ്രയോഗത്തിലൂടെ അവരുടെ കഷ്ടപ്പാടുകളെ വിസ്മരിച്ചു കളയുന്നു, അത് തമാശയോടെ ആണെങ്കിലും. ഇതിനെയെല്ലാം ഈ ഭാരമുള്ള കുരിശുകളെല്ലാം അതിജീവിച്ച് നടക്കുമ്പോൾ ചിലപ്പോൾ വളരെ വിരളമായിട്ടാണെങ്കിലും വീണുപോകാറുണ്ട്. ക്രിസ്തുവിനെപ്പോലെ വീണ്ടും ആ ഭാരമുള്ള കുരിശ് തനിയെ ചുമക്കാൻ വിധിക്കപ്പെടുന്ന.
ഒടുവിൽ കാൽവറിയിൽ ഒറ്റക്കായവനെപ്പോലെ സ്വന്തം കുടുംബത്തിനുവേണ്ടി പ്രവർത്തിച്ച് ആരാലും നിനക്ക് സുഖമാണോ സന്തോഷമാണോ എന്നുപ്പോലും ചോദിക്കാനില്ലാതെ തൻറെ വിഷമങ്ങളും വേദനകളും അതേ അർത്ഥത്തിൽ മനസ്സിലാക്കാൻ ഒരാളില്ലാതെ, കുടുംബം എന്ന കുരിശിൽ നാം അവരെ തറയ്ക്കാറുണ്ട്. കൂടെ നടന്നിട്ടും തിരിച്ചറിയാതെപോയ പടയാളി, അവസാനമാണ് അവൻ ദൈവപുത്രൻ എന്ന് ഏറ്റുപറഞ്ഞത്. വീട്ടിലെ ആ നിശ്ശബ്ദയിൽ നമ്മളും അന്ന് മനസ്സിലാക്കും അമ്മയുടെ മഹാത്മ്യവും വിലയും.
ക്രിസ്തുവിൽ അമ്മയെ ധ്യാനിച്ചിരുന്നയെനിക്ക് ചാട്ടവാറടികളാൽ അടർന്നിരുന്ന ശരീരത്തിൽ നിന്ന് പുരോഹിതൻ ഒരംശം നൽകി. ആ അപ്പത്തെ രുചിച്ചപ്പോൾ എന്നെ കണ്ണും തുറന്ന് ക്രിസ്തുവും അമ്മയും ഒന്നാണെന്ന് ഞാൻ കണ്ടു.
ശരിക്കും, അമ്മ അടുക്കളയിൽ നിന്ന് തീൻ മേശയിലേക്ക് അപ്പമായി നടക്കുന്ന യാത്ര അത് കാൽവറി യാത്രയുടെ ഒരു ഓർമ്മപ്പെടുത്തലാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ